മാസപ്പിറവി കണ്ടു; ഇനി വ്രതശുദ്ധിയുടെ നാളുകൾ; നാളെ റമദാൻ ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുർആൻ പാരായണത്തിന്റെ, പ്രാർഥനയുടെ, വിശുദ്ധിയാൽ നിറയും. ഒരു മാസം നീണ്ടു നിൽക്കുന്ന പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന വ്രതക്കാലമാണ്. പുലർച്ചെ 5.30 ഓടെ വ്രതാരംഭം തുടങ്ങും. വൈകീട്ട് 6 45 വരെ നീണ്ടു നിൽക്കുന്ന 13 മണിക്കുറിലേറെ ദൈർഘ്യമുള്ള പകലാണ് ഇപ്രാവശ്യത്തെ നോമ്പ്. അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പനുഷ്ടിച്ച് അല്ലാഹുവിന് സ്തുതിയർപ്പിച്ച് ആബാലവൃദ്ധം വിശ്വാസികളും നോമ്പനുഷ്ടിക്കും. പ്രാർഥനകൾക്കും, സഖാത്തിനും മുൻതൂക്കം നൽകിയാണ് വിശ്വാസികൾ പുണ്യമാസത്തെ കൊണ്ടാടുന്നത്. പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമായതിനാൽ ഖുർആൻ പാരായണവും നടത്തും. ജീവിതത്തിൽ വന്നു പോയ തെറ്റുകുറ്റങ്ങളിൽ നിന്ന് പാപമോചനം തേടി പ്രാർഥനാനിർഭരമായ ജീവിതമാണ് നയിക്കുന്നത്. ദാനധർമ്മങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ സക്കാത്തിന് മുൻതൂക്കം നൽകി വരുന്നു. ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണ് റംസാൻ. റംസാൻ 17 നാണ് ബദ്ർ യുദ്ധം നടന്നത്. ഇതിൻ്റെ സ്മരണ പുതുക്കി പള്ളികളിൽ പ്രത്യേക പ്രാർഥനകളും നടക്കും. ആയിരം മാസങ്ങളേക്കാൾ പവിത്രത കൽപ്പിക്കുന്ന റംസാൻ 27 ന്‌ ലൈലത്തുൽ ഖദ്ർ എന്നാണ് പറയുന്നത്. വിശ്വാസികൾ അന്ന് പള്ളികളിലും വീടുകളിലും ഉറക്കമൊഴിച്ച് പ്രാർഥനകളിൽ മുഴകും. ചൂട്ടുപൊള്ളുന്ന വേനലിൽ വിശപ്പും ദാഹവും വകവെയ്ക്കാതെ വിശ്വാസികൾ നോമ്പനുഷ്ഠിച്ച് സൃഷ്ടിച്ച നാഥന് നന്ദി പ്രകാശിപ്പിക്കുകയാണ്. വേനൽചൂടും പരീക്ഷാ ചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ചുള്ള സമയത്താണ് പരിശുദ്ധ റംസാൻ സമാഗതമാവുന്നത്.
ചൊവ്വാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page