മംഗ്‌ളൂരു: സ്വത്തു തര്‍ക്കത്തിനെ ചൊല്ലിയുണ്ടായ കയ്യാങ്കളിക്കൊടുവില്‍ സഹോദരനെ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കാര്‍ കയറ്റി കൊലപ്പെടുത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയ സഹോദരങ്ങളെ അറസ്റ്റു ചെയ്തു.
ഷിമോഗ, സാഗര്‍ താലൂക്കിലെ ചിപ്പള്ളിയിലാണ് സംഭവം. റഫീഖ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരങ്ങളായ അനായത്ത്, സമീര്‍ എന്നിവരെ ആനന്ദപുരം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട റഫീഖും അനുജന്മാരും തമ്മില്‍ സ്വത്തു തര്‍ക്കം ഉണ്ടായിരുന്നു. ഇതേ വിഷയത്തില്‍ ഇവര്‍ ചിപ്പള്ളി റോഡില്‍ വച്ച് കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ റോഡിലേയ്ക്കു വീണ റഫീഖിന്റെ ദേഹത്തു കൂടി കാര്‍ കയറ്റി കൊല്ലുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം കയ്യാങ്കളിയുടെയും കൊലപാതകത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ പ്രസ്തുത ദൃശ്യങ്ങള്‍ പൊലിസിനു കൈമാറി.