കാസര്‍കോട്: മീഞ്ച, മദക്കളയിലെ മൊയ്തീന്‍ ആരിഫിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടികൂടാനുള്ള പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ്. ഇവര്‍ ബംഗളൂരുവിലേയ്ക്കും ചെന്നൈയിലേയ്ക്കും കടന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണ സംഘം അങ്ങോട്ടേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതേസമയം അറസ്റ്റിലായ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ, റെയില്‍വെ ഗേറ്റിനു സമീപത്തെ ഷൗക്കത്തലി (39) അബൂബക്കര്‍ സിദ്ദീഖ് (33) എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അറസ്റ്റിലായ അബ്ദുല്‍ റഷീദ് റിമാന്റിലാണ്. കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ബന്ധുവിനൊപ്പം വിട്ടയച്ച മൊയ്തീന്‍ ആരിഫ് തിങ്കളാഴ്ചയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേര്‍ അറസ്റ്റിലായതോടെ മറ്റു പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.