20 കാരന്റെ ആത്മഹത്യ; ട്രാന്‍സ് ജന്‍ഡറായ ജഡ്ജി അറസ്റ്റില്‍; ജഡ്ജിയുടെ വിവാഹ അഭ്യര്‍ത്ഥന നിരാകരിച്ചതില്‍ പക തീര്‍ക്കാന്‍ പീഡന പരാതി നല്‍കിയെന്ന് കുടുംബം

ഗുഹാവത്തി:അസമിലെ ഗുഹാവത്തില്‍ 20 വയസുകാരൻ അത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിയായ ട്രാൻസ് ജെൻഡറിനെ പൊലീസ് അറസ്റ്റ്  ചെയ്തു.സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മൻസൂർ ആലം എന്ന ഇരുപതുകാരന്‍റെ മരണത്തിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെയാണ് മൻസൂർ ആലമിനെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ യുവാവിന്‍റെ വീട്ടുകാർ സ്വാതിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വാതിക്ക് മൻസൂറിനോട് പ്രണയമായിരുന്നുവെന്നും വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാല്‍ മൻസൂർ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ സ്വാതി നിരന്തരം പക പോക്കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ മൻസൂറിനെതിരെ സ്വാതി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകള്‍ ചുമത്തിയാണ് മൻസൂറിനെ അറസ്റ്റ് ചെയ്തത്. കോടതി മൻസൂറിന് ജാമ്യം അനുവദിച്ചെങ്കിലും ജഡ്ജിയായ സ്വാതിയുടെ ഭാഗത്ത് നിന്നും മൻസൂറിനും കുടുംബത്തിനും വലിയ സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്

സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. മൻസൂറിന്‍റെ മരണത്തിന് പിന്നാലെ ഇക്കാര്യം ആരോപിച്ച്‌ കുടുംബം ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്- ജഡ്ജിയായ സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാർ തൊഴിലാളിയായി മൻസൂർ ഏറെ കാലം ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മില്‍‌ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ തന്നെ വിവാഹം കഴിക്കാൻ സ്വാതി മൻസൂറിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ സ്വാതിയുടെ വിവാഹ അഭ്യർത്ഥന മൻസൂർ നിഷേധിച്ചു. ഇതോടെയാണ് സ്വാതി മൻസൂറിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. മൻസൂർ അടുക്കുന്നില്ലെന്ന് കണ്ടതോടെ സ്വാതി 2023 മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ യുവാവിനെതിരെ പീഡന പരാതി നല്‍കി. അറസ്റ്റിലായതോടെ യുവാവ് മാനസികമായി തളർന്നിരുന്നു. ജാമ്യം കിട്ടിയെങ്കിലും മൻസൂർ കടുത്ത നിരാശയില്‍ ആയിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page