ബംഗളൂരു: ഇൻഡ്യയുടെ ഐ.ടി.തലസ്ഥാനമായ ബംഗളൂരു രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിൽ 10 പേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്വർണ്ണാംബ നാരായണൻ (49)എന്ന ഐ.ടി. സ്ഥാപനം അക്കൗണ്ടിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയയാക്കി. ഇവരുടെ ചെവിക്കും തകരാറുണ്ടായിട്ടുണ്ട്. സ്ഫോടനത്തിൽ കണ്ണിന് ആഘാതമേറ്റ നാഗശ്രീ (35) യെ വൈറ്റ് ഫീൽഡ് വൈദേഹി മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ശസ്ത്രക്രിയക്കു വിധേയമാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ബംഗളൂരു പൊലീസ് യു. എ.പി.എ. കേസ് രജിസ്റ്റർ ചെയ്തു. ഉപമുഖ്യ മന്ത്രി, പൊലീസ് മേധാവികൾ എന്നിവർ വിവരമറിഞ്ഞുടനെ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും വിരലടയാളവിദഗ്ധരും അന്വേഷണം നടത്തി. അക്രമിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ഭക്ഷണത്തിന് തിരക്കനുഭവപ്പെടുന്നതിനു തൊട്ടുമുമ്പാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉഗ്രസ്ഫോടനമുണ്ടായത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ പരിഭ്രമിച്ച് പുറത്തേക്കോടി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു എല്ലാവരുടെയും ഭയം. തുടരന്വേഷണത്തിൽ ഒരു മണിക്കൂർ മുമ്പ് കാപ്പി കുടിക്കാനെത്തിയ ഒരാൾ തൻ്റെ കൈയിലുണ്ടായിരുന്ന സഞ്ചി വാഷ്ബേയ്സി നടുത്ത് വച്ചിരുന്നു. പോകുമ്പോൾ അത് അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഈ സഞ്ചിയാണ് പൊട്ടിത്തെറിച്ചതെന്നു പിന്നീട് കണ്ടെത്തി. നട്സും ബോൾട്ട്സും ടൈമറും അതിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 10 വർഷത്തിനു ശേഷം ആദ്യമായാണ് ബംഗളൂരുവിൽ സ്ഫോടനമുണ്ടാകുന്നത്.