കാസര്‍കോട്: ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനം അവതാളത്തിലായി. പ്രൈമറി ക്ലാസുകളില്‍ അധ്യാപകര്‍ കുട്ടികളോടൊപ്പം എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും വേണമെന്നിരിക്കെ ഒരു മാസം അവരെ അനാഥരാക്കുന്നത് പഠന പിന്നോക്കാവസ്ഥക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം പ്രൈമറി സ്‌കൂളിലെയും നാലും അഞ്ചും അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രൈമറി വിദ്യാലയങ്ങളിലെ പഠനവും പരീക്ഷയും ഇതുവഴി തകര്‍ക്കപ്പെടുകയാണെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി മുന്നറിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ പരീക്ഷ നടത്താന്‍ പ്രൈമറി വിഭാഗം അധ്യാപകരെ ആശ്രയിക്കേണ്ടി വരുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനമാണെന്നു പ്രൈമറി വിഭാഗം അധ്യാപകരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായി ചെറുക്കുമെന്നു കെ.വി. വാസുദേവന്‍ നമ്പൂതിരി, ജി.കെ. ഗിരീഷ്, കെ. അനില്‍കുമാര്‍ പി.ശശിധരന്‍, കെ. ശ്രീനിവാസന്‍, പ്രശാന്ത്, പി.ടി. ബെന്നി, ജോമി ടി. ജോസ്, അശോകന്‍ തുടങ്ങിയവര്‍ മുന്നറിയിച്ചു.