കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതോ? സമീപത്ത് നിന്ന് കിട്ടിയ ലൈസൻസ് കേന്ദ്രീകരിച്ച് അന്വേഷണം


തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്. സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിരുന്നു. ലൈസൻസ് ഉടമയുടേതാണോ മൃതദേഹം എന്ന തരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളില്‍ നിന്നും  തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്ഥികൂടം ഫോറൻസിക് സംഘം പരിശോധിക്കുകയാണ്.

ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്.തുടർ പരിശോധനയിലാണ് അസ്ഥികൾ ടാങ്കിനുള്ളില്‍ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫോറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാൻറും ഷർട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിൻെറ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളില്‍ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page