ചെന്നൈ:രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തൻ മരിച്ചു.ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 7.50 നായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജയിൽമോചിതനായ ശേഷം അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസം ശാന്തന് അനുമതി ലഭിച്ചിരുന്നു. അതിനിടെയാണ് മരണം.ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിൽ സ്‌പെഷ്യൽ ക്യാമ്പിൽ താമസിച്ചിരുന്ന ശാന്തനെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവിന്റെ വേഷത്തിലെത്തിയ ശാന്തന്‍, ചാവേറുകളെ രാജീവ് ഗാന്ധിയുടെ അടുത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നായിരുന്നു ഏജന്‍സികളുടെ കണ്ടെത്തല്‍.രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയതിലുമായിരുന്നു ശാന്തനെ ശിക്ഷിച്ചത്. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഏഴു പ്രതികളിലൊരാളാണ് ശാന്തന്‍. 2022 ലാണ് ശാന്തനെ ജയില്‍ മോചിതനാക്കിയത്. ജയില്‍ മോചിതരായ ശേഷം ശാന്തന്‍ ഉള്‍പ്പെടെ ശ്രീലങ്കക്കാരായ നാലു പ്രതികളെ തിരുച്ചി സെന്‍ട്രല്‍ ജയിലിനു സമീപത്തുള്ള പ്രത്യേക ക്യാമ്പില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
