ക്ഷേത്രോത്സവത്തിനു പോയി കാണാതായ യുവാവിന്റെ മൃതദേഹം നേത്രാവതി പുഴയില്‍. ഉള്ളാള്‍ സോമേശ്വര സ്വദേശി എം ഗൗതമിന്റെ (30) മൃതദേഹമാണ് നേത്രാവതി പുഴയില്‍ തൊക്കോട്ട് ഭാഗത്ത് കണ്ടെത്തിയത്. സോമേശ്വര്‍ മൂഡ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ഗൗതമിനെ ഈ മാസം 19 നാണ് കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൊക്കോട്ടുവില് ബാബ സ്വാമി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങിലും കലശാഭിഷേക ഹൊറകാണിക്കയിലും പങ്കെടുത്തിരുന്നു. ഇതിനുശേഷം രാത്രി ഏറെ വൈകി വീട്ടിലെത്തിയിരുന്നു. വീട്ടില്‍ വെച്ച് ബന്ധുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനുപിന്നാലെയാണ് ഗൗതമിനെ കാണാതാകുന്നത്. ഒരു ദിവസം പിന്നിട്ടതോടെ ബന്ധുക്കള്‍ ഉള്ളാള്‍ പൊലീസില്‍ പരാതി നല്കി. പൊലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
വിവാഹമോചന കേസ് അടക്കം നിരവധി പ്രശ്നങ്ങള്‍ ഗൗതമിനെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടുത്ത മദ്യപാനത്തിന് അടിമയായ ഗൗതം ചികിത്സ തേടിയിരുന്നു. കുടുംബാംഗങ്ങളുമായി ഇടയ്ക്കിടെ വാക്കുതര്‍ക്കം ഉണ്ടാകുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാണ്ഡേശ്വര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
