
കാസർകോട്: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റ നിർമ്മാണ തൊഴിലാളി മേസ്ത്രി മരിച്ചു. തൃക്കരിപ്പൂർ മണിയനോടി സ്വദേശി ടി.വി.വിജയനാ(55)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ തൃക്കരിപ്പൂർ ആയിറ്റി ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് രാവിലെ എട്ടേമുക്കാൽ മണിയോടെ യായിരുന്നു മരണപ്പെട്ടത്. ഭാര്യ: സുശീല. മക്കൾ: വിദ്യ വിജയൻ, ദിവ്യ, ധന്യ. സഹോദരങ്ങൾ: അപ്പ കുഞ്ഞി, മാധവി, ബാലകൃഷ്ണൻ, കാർത്യായനി. ചന്തേര പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.