മലമൂത്ര വിസര്‍ജനത്തിനായി കുളത്തിനടുത്ത് പോയ പത്താം ക്ലാസുകാരനെ കടുവ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്താം ക്ലാസ് ഫൈനല്‍ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന പങ്കജ് എന്ന 18 കാരനെയാണ് കടുവ പിടികൂടിയത്. പിലിഭിത്ത് ജില്ലയിലെ പണ്ഡാരി ഗ്രാമത്തില്‍ ഒരു കുളത്തിന് സമീപത്ത് വൈകിട്ട് നാലുമണിയോടെയാണ് കടുവ ആക്രമിച്ചത്.
മലാ മഹോഫ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ പരിസരത്താണ് കടുവയുടെ ആക്രമണം.
സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ അനുവദിക്കാതെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മേഖലയില്‍ മൂന്നാമത്തെ ആളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഗ്രാമവാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. മൃതദേഹത്തിന് ചുറ്റും നിന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പോലീസിന് മൃതദേഹം ഏറ്റെടുക്കാനും കഴിഞ്ഞില്ല. പോസ്റ്റുമാര്‍ട്ടത്തിന് വിട്ടുകൊടുക്കാതെ പ്രതിഷേധിച്ച നാട്ടുകാര്‍ ഏറെ നേരം കഴിഞ്ഞ് വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം വിട്ടുകൊടുത്തത്. പ്രതിഷേധം കനത്തതോടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി.







