
ആലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാർ പൊള്ളലേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ ടി ബി ജംങ്ഷന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്കോഡ ഒക്ടോവിയ കാറിനാണ് തീ പിടിച്ചത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.
കരുവാറ്റ ടിബി ജംഗ്ഷന് സമീപം വെച്ച് ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് റോഡിനു വശത്തേക്കക്ക് മാറ്റിനിർത്തി. പുകയുടെ അളവ് കൂടിയതോടെ യാത്രക്കാർ വാഹനത്തിൽനിന്നും പുറത്തിറങ്ങി. തൊട്ടുപിന്നാലെ കാറിന് തീ പിടിക്കുകയായിരുന്നു. ഹരിപ്പാട് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.