
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് മരിച്ചത്. മഞ്ചേരി ടൗണിനോട് ചേർന്ന് കുത്തുക്കൽ റോഡിൽ ആണ് സംഭവം. റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
കല്ല് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. രാത്രിയിലായിരിക്കാം കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്ത്നിന്നും കല്ല് കണ്ടെത്തി. പ്രദേശം വൈകുന്നേരമായാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.