
കാസർകോട്: ദിവസങ്ങളായി നാട്ടില്‍ കറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. മടിക്കൈ, മൂന്നുറോഡ് നാന്തം കുഴിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രമണിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഡി.എഫ് ഒ കെ അഷറഫിന്റെ നേതൃത്വത്തിലുള്ള വനപാലകരും ചേർന്ന് ജെസിബി ഉപയോഗിച്ച് കിണറ്റില്‍ നിന്ന് കരയിലേക്ക് വഴി ഒരുക്കി. തിങ്കളാഴ്ച പുലർച്ചെ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. വീഴ്ചയില്‍ കാട്ടുപോത്തിന് കാലിന് പരിക്കേറ്റിരുന്നു. എസ് എഫ് ഒ മാരായ വിനോദ്, ശേഷപ്പ, ബി എഫ് ഒ മാരായ രാഹുല്‍, ജിതിന്‍, അരുണ്‍, രാജു, വിശാഖ്, നവിന്‍, റെസ്‌ക്യൂ മാരായ സുനില്‍ കോട്ടപ്പാറ, അനീഷ്, വിജേഷ്, അനൂപ് എന്നിവരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മലപ്പച്ചേരി ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാർ ഏറെ പരിഭ്രാന്തരായിരുന്നു. നീലേശ്വരം പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റില്‍ വീണുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം കിണറിന് സമീപം തടിച്ചു കൂടിയിരുന്നു.