കാസര്‍കോട്: പാണത്തൂരിലും റാണിപുരത്തും ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കാട്ടാനകളിറങ്ങി വന്‍തോതിലാണ് കൃഷി നശിപ്പിച്ചത്. വിനോദ സഞ്ചാരികളുടെ സഞ്ചാരപാതയിലും കാട്ടാനകള്‍ കൂട്ടംകൂടി നടക്കുന്നത് പതിവായിരിക്കുകയാണ്. ഇതുകാരണം ഈ ഭാഗത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ കൂടി ഭയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ടിന് സമീപം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടം വഴിയാണ് ആനക്കൂട്ടം എത്തുന്നത്. ആനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്തും ആനകള്‍ കൂട്ടത്തോടെ എത്തുകയാണ്. ആനക്കൂട്ടം കശുമാവിന്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണെന്നും രാത്രിയാകുന്നതോടെ വീണ്ടും ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
മലയോരത്ത് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡിഎഫ്ഒ അഷറഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ജനപ്രതിനിധികള്‍, റാണിപുരം, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡിഎഫ്ഒ അഷറഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ജനപ്രതിനിധികള്‍, റാണിപുരം, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.