മഹാഭാരതവും രാമായണവും സാങ്കല്‍പ്പികം; വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി

മംഗളൂരു: രാമായണത്തെയും മഹാഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മംഗളൂരുവില്‍ അധ്യാപികയെ പിരിച്ചുവിട്ടു. മംഗളൂരു ജെപ്പുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപിക സിസ്റ്റര്‍ പ്രഭയെയാണ് പിരിച്ചുവിട്ടത്. ബിജെപി അനുകൂല സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. അടിയന്തര പ്രാധാന്യത്തോടെയാണ് പിരിച്ചുവിടല്‍ നടപടിയെന്നും സിസ്റ്റര്‍ പ്രഭയുടെ സ്ഥാനത്ത് മറ്റൊരു അധ്യാപികയെ നിയമിച്ചതായും മാനേജ്മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബിജെപി എംഎല്‍എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉപയോഗിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് അധ്യാപികയെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടത് ചട്ടങ്ങള്‍ പാലിക്കാതെയും അധ്യാപികയുടെ വിശദീകരണവും കേള്‍ക്കാതെയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സാധാരണ അച്ചടക്ക നടപടി കൈക്കൊള്ളുമ്പോള്‍ നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍, സിസ്റ്റര്‍ പ്രഭയുടെ കാര്യത്തില്‍ ഇത്തരം നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page