ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യുഎഇയില്‍ എത്തും. നാളെ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ലോകത്തിനു മുന്നില്‍ തുറക്കുന്നത്. ഒട്ടേറെ പ്രത്യേകതകളാണ് ക്ഷേത്രത്തിനുള്ളത്. മറ്റ് ക്ഷേത്രങ്ങള്‍ പോലെയല്ല അബുദാബിയിലെ ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉണ്ടാകും.
മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കല്ലുകൊണ്ട് നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയും ബാപ്സ് ഹിന്ദു മന്ദിര്‍ എന്ന ഈ ക്ഷേത്രത്തിനു സ്വന്തം. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ ക്ഷേത്ര നിര്‍മാണത്തിനായി എത്തിയിരുന്നു. കലാകാരന്മാര്‍ 402 വെളുത്ത മാര്‍ബിള്‍ തൂണുകള്‍ കൊത്തിയെടുത്തിട്ടുണ്ട്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ടെന്നാണ് അവകാശവാദം.
പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് നിര്‍മ്മാണം. 3000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിക്സാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ 55 ശതമാനവും ഫ്ലൈ ആഷാണ്. 2019 ഡിസംബറില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഏകദേശം 108 അടി ഉയരവും 180 അടി വീതിയുമുള്ള ക്ഷേത്രം ഏകദേശം 27 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അഭിനേതാക്കളായ സഞ്ജയ് ദത്ത്, അക്ഷയ് കുമാര്‍ എന്നിവരുള്‍പ്പെടെ 50,000-ത്തിലധികം ആളുകള്‍ ക്ഷേത്രത്തി നിര്‍മ്മാണത്തില്‍ ഇഷ്ടികകള്‍ പാകിയിരുന്നു.
1997 ഏപ്രില്‍ 5ന് പ്രമുഖ് സ്വാമി മഹാരാജ് യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുക എന്ന ആശയം വിഭാവനം ചെയ്തത്. ഇതോടെയാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ തുടക്കം. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.