ജയ്പൂർ:രാജസ്ഥാനിലെ സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയർമാൻ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.അംഗൻവാടിയില്‍ ജോലി നല്‍കാനെന്ന വ്യാജേന ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ തന്നെയും മറ്റ് 20 ഓളം സ്ത്രീകളെയും തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചെന്ന് ആരോപിച്ച് പാലി ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതികള്‍ ലൈംഗികാതിക്രമങ്ങള്‍ ചിത്രീകരിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും അഞ്ച് ലക്ഷം രൂപ വീതം ആവശ്യപ്പെടുകയും ചെയ്‌തതായും യുവതി അവകാശപ്പെട്ടു.
അങ്കണവാടിയില്‍ ജോലിക്കായി മാസങ്ങള്‍ക്കുമുമ്പ് താനും മറ്റ് സ്ത്രീകളുമൊത്ത് സിരോഹിയിലേക്ക് പോയതായി പരാതിക്കാരി പറയുന്നു. തങ്ങള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് അടങ്ങിയിരുന്നുവെന്നും അത് കഴിച്ചതിന് ശേഷം ലൈംഗികാതിക്രമത്തിന് ഇരയായെന്നും അവർ ആരോപിച്ചു.നേരത്തെയും സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നാണ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പരാസ് ചൗധരി പറഞ്ഞത്. ഇതിന് പിന്നാലെ എട്ട് സ്ത്രീകളുടെ ഹർജിയെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി ഇപ്പോള്‍ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു.