ഭൂമിദേവി പുഷ്‌പിണിയായ പുണ്യദിനം എന്ന സങ്കല്പത്തോടെ മകരം 28 ആയ ഇന്ന് വടക്കൻ കേരളം ഏർപ്പ് ഉത്സവം ആഘോഷിക്കുന്നു. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആഘോഷം. ഉച്ചാരൻ അഥവാ സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ ദിനം മലയാളക്കരയിൽ വിവിധ രീതികളിൽ ആഘോഷിക്കാറുണ്ട്. വടക്കേ മലബാറിൽ ഏർപ്പ് എന്നറിയപ്പെടുന്ന ഈ ദിവസം തറവാടുവീടുകളിൽ പ്രായമായ സ്ത്രീകൾ അരി, തുവര, വെല്ലം, തേങ്ങാപ്പൂള് എന്നിവ ചേർത്തുള്ള പായസം ഉണ്ടാക്കി ഭൂമിദേവിക്ക് സമർപ്പിക്കും. ഏർപ്പ് ദിവസം സ്ത്രീകൾ ചൂലെടുത്ത് മുറ്റമടിക്കുകയോ, കർഷകർ ആയുധങ്ങൾ കൊണ്ട് ഭൂമിയിൽ കിളക്കുകയോ ചെയ്യില്ല. ഭൂമിയെ സ്ത്രീദേവതയായി സങ്കൽപ്പിച്ച് ഭൂമിദേവിയുടെ ആർത്തവദിനത്തെ ആഘോഷിക്കുകയും ചെയ്യും. പഴയകാല കാഴ്ചപ്പാടിന് കുറവൊട്ടും വരുത്താതെ ഈ ചടങ്ങ് ഇന്നും വടക്കേ മലബാറിലെ മിക്ക വീടുകളിലും ഏർപ്പ് പായസം വെച്ച് ആഘോഷിക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളമാണ് ഏർപ്പ്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വെള്ളരി നടുന്നത് ഏർപ്പ് ദിവസമാണ്. ഏർപ്പിന് നട്ട വെള്ളരി വിഷുക്കാലത്ത് വിളവെടുക്കും.