വയനാട്ടിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയെത്തി: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ഗൃഹനാഥനെ ചവിട്ടിക്കൊന്നു

വയനാട്: പടമലയിലെ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വീടിന്റ ഗേറ്റും മതിലും തകര്‍ത്ത് അകത്തുകടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പണിക്കാരെ വിളിക്കാന്‍ പോയ അജീഷിന്റെ പിന്നാലെ ഓടിയെത്തിയ ആന പിന്തുടര്‍ന്ന് തുമ്പിക്കൈ കൊണ്ട് വാരിയെടുത്തശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. വീടിന്റെ മതിലും ഗേറ്റും തകര്‍ത്താണ് ആന അജീഷിനെ ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി മുതല്‍ പടമല മേഖലകളില്‍ കാട്ടാന ഇറങ്ങിയിരുന്നു. നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ലെന്ന പരാതിയുണ്ട്. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ മാനന്തവാടിയിലും പരിസരങ്ങളിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അജീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആശുപത്രിയിലും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം മാറ്റില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page