പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും; ഡെന്‍മാര്‍ക്കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് മെല്‍ഡല്‍

കാസര്‍കോട്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും ഭാര്യയുമെത്തി. ഡെന്‍മാര്‍ക്കിലെ
പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലും ഭാര്യ ആഫ്രിക്കന്‍ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുമാണ് വെള്ളിയാഴ്ച സന്ധ്യയ്ക്ക് ക്ഷേത്ര സന്നിധിയിലെത്തിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന 36 -മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുവാന്‍ എത്തിയതായിരുന്നു മെല്‍ഡല്‍. പെരുങ്കളിയാട്ടം നടക്കുന്ന വിവരത്തെ തുടര്‍ന്ന് ഒന്നു കാണാനെത്തിയതായിരുന്നു മെല്‍ഡലും ഭാര്യയും. പെരുങ്കളിയാട്ട വേദിയിലെ മീഡിയ മുറിയില്‍ വച്ച് ഇരുവര്‍ക്കും സംഘാടകര്‍ സ്വീകരണം നല്‍കി. സ്വീകരണത്തില്‍ ഇരുവരും തങ്ങളുടെ സന്തോഷം സംഘാടകരുമായി പങ്കുവച്ചു. ഡെന്‍മാര്‍ക്കില്‍ ഇതുപൊലുള്ള പരമ്പരാഗത ഉത്സവമില്ലെന്ന് മെല്‍ഡല്‍ വ്യക്തമാക്കി. അതേസമയം ആഫ്രിക്കയില്‍ ഉണ്ടെന്ന് ഭാര്യ ഫാസിഡു സെന്റ് ഹിലാരി പറഞ്ഞു. ദൈവത്തിന്റെ നാടെന്നതിന്റെ പൊരുളെന്തെന്ന് ഈ മെഗ ഫെസ്റ്റിവലില്‍ നിന്നും അറിയാന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്‌സൈറ്റ് നോബല്‍ സമ്മാന ജേതാവ് പ്രൊഫ. മോര്‍ട്ടന്‍ പീറ്റര്‍ മെല്‍ഡല്‍ ഉദ്ഘാടനം ചെയ്തു.
2022 ല്‍ രസതന്ത്രത്തിലാണ് മെല്‍ഡലിന് നോബല്‍ സമ്മാനം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രിയുടെയും വികസനത്തിന് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ വലുതായിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page