ആണ്‍ സുഹൃത്തിനോട് സംസാരിച്ചുവെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവും അമ്മാമനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുന നദിയിലെറിഞ്ഞു. ആഗ്ര ജില്ലയിലെ ബംറോളി കത്താറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊണ്ടോന്‍ പാലത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ പുഴയിലെറിഞ്ഞത്. പെണ്‍കുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്തില്‍ മഫ്‌ളര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ പുഴയില്‍ വലിച്ചെറിയുകയായിരുന്നു. ആണ്‍ സുഹൃത്തിനോട് എന്തിനാണ് സംസാരിച്ചത് എന്ന് ചോദിച്ചായിരുന്നു അതിക്രമം. ആക്രമണത്തിനുശേഷം ഇരുവരും രക്ഷപ്പെട്ടു.
മുങ്ങല്‍ വിദഗ്ധരായ രാകേഷ് കുമാര്‍, ഗയാ പ്രസാദ്, രാം നിവാസ് എന്നിവര്‍ 200 മീറ്ററോളം നീന്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. ചികില്‍സയ്ക്കുശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഹോമിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൗണ്‍സലിംഗ് നല്‍കി സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ പരാതിപ്രകാരം അലിഗഡ് ജില്ലയില്‍ താമസിക്കുന്ന അച്ഛനും ഫിറോസാബാദില്‍ താമസിക്കുന്ന അമ്മാവനുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഒളിവിലുള്ള ഇരുവരെയും പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
