ഇടുക്കി:സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയതില്‍ സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം. അടിമാലിയില്‍ ദയാവധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികൾ പ്രതിഷേധമുയർത്തിയത് .വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്.പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് ഇരുവരും പറയുന്നു.അഞ്ച് മാസമായി വാർധക്യകാല പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച് 90 വയസ്സുകാരി ഇന്നലെ റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തിരുന്നു ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്.കൂലിപ്പണിക്കാരനായ മകനൊപ്പമാണ് തൊണ്ണൂറുകാരിയായ പൊന്നമ്മ വഴിയരികിലെ വീട്ടില്‍ കഴിയുന്നത്. പൊന്നമ്മയുടെ പെൻഷനും മകൻറെ തുച്ഛ വരുമാനവും കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. കിടപ്പു രോഗിയായ പൊന്നമ്മക്ക് മരുന്ന് വാങ്ങുന്നതും ഈ തുക ഉപയോഗിച്ചാണ്. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരതത്തിലായി.പെൻഷൻ മുടങ്ങുന്നത് പതിവായതോടെ സർക്കാരിനെതിരെ വലിയ ജന രോഷമാണ് ഉയരുന്നത്.