കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളോറ കൂത്തമ്പലം നാലപുര പാട്ടില്‍ പ്രകാശനെ (49)യാണ് ആലക്കോട് തിമിരി കൂത്തമ്പലത്തെ തറവാട് വീട്ടുപറമ്പിനോട് ചേര്‍ന്ന കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈല്‍സ് പണിക്കാരനായ പ്രകാശന്‍ പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലാണ് താമസം. ദിവസങ്ങള്‍ക്ക് മുമ്പ് പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പെരിങ്ങോം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. വിവരമറിഞ്ഞ ഇയാളെ ബുധനാഴ്ച രാത്രിയോടെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.