മംഗളൂരു: പനമ്പൂര്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനും സ്ത്രീക്കും നേരെ അക്രമം നടത്തിയ ഹിന്ദു സംഘടനയില്‍പ്പെട്ട നാലുപേരെ പനമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിലാത്തബെട്ടു സ്വദേശി പ്രശാന്ത് ഭണ്ഡാരി (38), ബെല്‍ത്തങ്ങാടി കാരയ സ്വദേശി ഉമേഷ് പി (23), പുത്തില സ്വദേശി സുധീര്‍ (26), ബെല്‍ത്തങ്ങാടി മച്ചിന സ്വദേശി കീര്‍ത്തന്‍ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. യുവതിയും യുവാവും പനമ്പൂര്‍ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ഒരുമിച്ച് ഇരിക്കുന്നതെന്ന് ചോദിച്ച് യുവാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. പീഡനം രൂക്ഷമായതോടെ യുവതി പനമ്പൂര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘമെത്തിയാണ് അക്രമികളെ പിടികൂടിയത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതി ചില ജോലികള്‍ക്കായി മാല്‍പെയിലേക്ക് എത്തിയതായിരുന്നു. അതിനിടയില്‍, പനമ്പൂര്‍ കടപ്പുറത്ത് വച്ച് മലയാളിയായ സുഹൃത്തിനെ കണ്ടുമുട്ടി. സാഹിത്യ അവാര്‍ഡ് ലഭിച്ചതറിഞ്ഞ യുവതി ആശംസകള്‍ അറിയിക്കുമ്പോഴാണ് ഏതാനും യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഒരുമിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പനമ്പൂര്‍ ബീച്ച്, തണ്ണീര്‍ബാവി ബീച്ച്, ട്രീ പാര്‍ക്ക് പരിസരം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി കമ്മീഷണര്‍ അറിയിച്ചു.