ലക്ഷ ഗൃഹയുടെ അവശിഷ്ടമെന്ന്; ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയും ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കണമെന്ന് കോടതി

വാരാണസിയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ഒരു ദര്‍ഗ കൂടി ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്. ബാഗ്പതിലെ സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഉടമസ്ഥാവകാശം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമര്‍പ്പിച്ച ഹരജി സിവില്‍ ജഡ്ജ് ശിവം ദ്വിവേദി തള്ളുകയായിരുന്നു. തര്‍ക്കഭൂമി വഖ്ഫ് സ്വത്തോ ശ്മശാനമോ ആണെന്ന് സ്ഥാപിക്കാന്‍ മുസ്ലിം പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഭൂമിയുള്ളത്. ബാഗ്പ്പതിലെ ബര്‍ണാവ ഗ്രാമത്തില്‍ ദര്‍ഗയുള്ള സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദര്‍ഗയ്ക്ക് 600 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് മുസ്ലിം വിഭാഗം പറയുന്നത്. 1970 ല്‍ ഹിന്ദുവിഭാഗം ദര്‍ഗയില്‍ കടന്നുകയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദര്‍ഗയുടെ മേല്‍നോട്ടക്കാരന്‍ മുഖീം ഖാന്‍ മീററ്റിലെ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. കേസ് പിന്നീട് ബാഗ്പ്പത് കോടതിയിലേക്ക് മാറ്റി. ബാഗ്പതിലെ പുരോഹിതനായ കൃഷ്ണ ദത്ത് മഹാരാജാണ് കേസി െപ്രതി. ദര്‍ഗ ബദറുദ്ദീന്‍ ഷായുടെ സ്മൃതികുടീരമാണെന്ന് മുസ്ലിംകള്‍ പറയുമ്പോള്‍ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ലക്ഷ ഗൃഹ’യുടെ അവശിഷ്ടമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് മഹാഭാരതത്തില്‍ ലക്ഷ ഗൃഹം എന്ന് വിളിക്കുന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്റെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. ഷാഹിദ് ഖാന്‍ പറഞ്ഞു. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലിസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page