കൊച്ചി: പെരുമ്പാവൂരിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. മൂന്നാറില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് മടങ്ങുമ്പോൾ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.
ലോറിയും കൂട്ടിയിടിച്ച ബസും മറിഞ്ഞു. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് കോളേജ് വിദ്യാർത്ഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടുന്നത്. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.