മൂന്നാം സീറ്റ്; കാസർകോട് അല്ലെങ്കിൽ കണ്ണൂർ, സമ്മർദ്ദം ശക്തമാക്കി ലീഗ്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് തന്നില്ലെങ്കിൽ രാജ്യസഭാ സീറ്റ് തിരികെ വേണമെന്ന് ആവശ്യപ്പെടാൻ മുസ്ലിംലീഗ്. അർഹതയുണ്ടായിട്ടും തങ്ങളുടെ ആവശ്യം പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല എന്നതിൽ ലീഗിനുള്ളിൽ കടുത്ത അമർഷം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് തിരികെ വേണമെന്ന് ആവശ്യപ്പെടാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. തിങ്കളാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ രാജ്യസഭാ സീറ്റ് തിരികെ നൽകണമെന്ന് ലീഗ് ആവശ്യപ്പെടും. ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണ്. ഇത് കൂടി പരിഗണിച്ചാണ് മൂന്നാം സീറ്റ് വിഷയത്തിൽ സമ്മർദ്ദം ശക്തമാക്കാൻ മുസ്ലിംലീഗ് ഒരുങ്ങുന്നത്. വിഷയം ചർച്ചചെയ്യാൻ ലീഗിൻ്റെ നിർണായകയോഗം ഞായറാഴ്ച വൈകിട്ട് ചേരുമെന്നാണ് സൂചന.

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയതോടെ കണ്ണൂർ സീറ്റിനുവേണ്ടി ലീഗ് സമ്മർദ്ദം ശക്തമാക്കും. വയനാട് അല്ലെങ്കിൽ കാസർകോട് എന്നി സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ ലീഗിൽ കടുത്ത അതൃപ്തി ഉടലെടുത്തു. ഇതിനു പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടി കോൺഗ്രസിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. ഇതോടെ സീറ്റ് വിഭജന ചർച്ച പാതിവഴിയിൽ പരാജയപ്പെട്ടു. കെ സുധാകരൻ വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ സീറ്റാണ് ലീഗ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട് സീറ്റിന് മുൻഗണന നൽകാനും ലീഗ് നേതൃത്വം ആലോചിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞിരുന്നു. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എല്ലാ സമയത്തെയും പോലെയല്ല , ഇത്തവണ സീറ്റ് വേണമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീ​ഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page