രാമക്ഷേത്ര പ്രസംഗ വിവാദം; സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർഎസ്എസ് ഭാഷയിലെന്ന്‌ ഐഎൻഎൽ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്‌ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന വിവാദ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരെ പ്രതിഷേധവുമായി ഐ എൻ എൽ. സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്‌താവന ആർഎസ്എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ദുഷ്‌ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അൽഭുതപ്പെടാനില്ല, സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശവാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാരം കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമക്ഷേത്ര പ്രകീർത്തനം. ആർഎസ്എസിനെ തൃപ്‌തിപ്പെടുത്താനുള്ള സ്വാദിഖലിയുടെ വാചാടോപങ്ങളോട് മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും, വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്‌താവനയിൽ പറഞ്ഞു.
ഗാന്ധിയുടെ രാമരാജ്യമല്ല ആർ എസ് എസിന്റെ രാമരാജ്യം. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഐ എൻ എൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. ഈ വ്യത്യാസം അറിയാത്തവരല്ല കേരളത്തിലെ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നതു എന്തിനാണെന്ന് അബ്ദുൽ അസീസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page