ഉത്തര കൊറിയയിലേക്ക് കടത്തിയത് എട്ടുപേരെ; പ്രതിഫലമായി വാങ്ങിയത് 32 ലക്ഷം രൂപ; ബന്തടുക്കയില്‍ പിടിയിലായ സംഘത്തില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

കാസര്‍കോട്: ബന്തടുക്കയില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മൂന്നംഗ സംഘം നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നു. സംഘം കാസര്‍കോട് ജില്ലയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ഉത്തരകൊറിയയിലേയ്ക്ക് കയറ്റി അയച്ചത് എട്ടുപേരെന്ന് വിവരം. തൃക്കരിപ്പൂര്‍, ഉടുമ്പന്തല സ്വദേശികളായ എം.എ.അഹമ്മദ് അബ്രാന്‍ (26), എം.എ സാബിത്ത് (25), പടന്നക്കാട്, കരുവളം സ്വദേശി മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെ വ്യാഴാഴ്ച രാത്രി 9.30ന് ബന്തടുക്ക, കണ്ണാടിത്തോട്ടില്‍ വച്ചാണ് ബേഡകം എസ്. ഐ. എം ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. കൈ കാണിച്ച് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ യുവാക്കളുടെ പെരുമാറ്റത്തില്‍ കണ്ട സംശയം തോന്നിയ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് 37 വ്യാജ സീലുകളും നിരവധി ബാങ്കുകളുടെ വ്യാജ സീലുകളും മൂന്നു പാസ്പോര്‍ട്ടുകളും കണ്ടെത്തിയത്. വ്യാജ സീലുകളും രേഖകളും നിര്‍മ്മിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് സംഘം അറസ്റ്റിലായത്. എം.എ.അഹമ്മദ് അബ്രാന്‍ ആണ് സംഘത്തിലെ സൂത്രധാരനെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഉത്തരകൊറിയയില്‍ ജോലി ചെയ്തു വരികയാണ്. നാട്ടിലെത്തിയശേഷം കൂടുതല്‍ പേരെ കയറ്റി അയക്കുന്നതിനാണ് വ്യാജ സീലുകളും മറ്റും ഉണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. നാലു ലക്ഷം രൂപ വാങ്ങി ഇതിനകം എട്ടുപേരെ ഉത്തര കൊറിയയിലേയ്ക്ക് കടത്തിയതായും അവര്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നതായും പൊലീസ് പറഞ്ഞു. കടത്തികൊണ്ടുപോകപ്പെട്ടവരുടെ വീടുകളില്‍ അന്വേഷണം നടത്തിയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒറിജിനല്‍ പാസ്പോര്‍ട്ടും ഫോട്ടോകളും മാത്രമാണ് സംഘം രേഖകളായി ആവശ്യപ്പെട്ടിരുന്നത്. യാത്രയ്ക്ക് ആവശ്യമായ മറ്റു രേഖകളെല്ലാം സംഘം വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബംഗളൂരു, മടിവാളയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണ് വ്യാജ സീലുകളും മറ്റും ഉണ്ടാക്കിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് പ്രസ്തുത സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതോടെ കൂടുതല്‍ ഇടപാടുകള്‍ പുറത്തുകൊണ്ടുവരനാകുമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page