ഓൺലൈനായി എരുമയെ വാങ്ങാൻ പണം നൽകിയ ക്ഷീരകർഷകന് നഷ്ടമായത് അഡ്വാൻസ് നൽകിയ പണം. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷിരകർഷകൻ സുനിൽ കുമാറിനാണ് പണം നഷ്ടമായത്. ദിവസം 18 ലിറ്റർ പാൽ തരുന്ന എരുമക്കായി 55,000 രൂപ പറഞ്ഞുറപ്പിച്ചിരുന്നു. ഇതിൽ എരുമയ്ക്കായി മുൻകൂർ നൽകിയ പതിനായിരം രൂപയാണ് നഷ്ടമായത്.
യൂട്യൂബിൽ കണ്ട വീഡിയോ കണ്ടാണ് എരുമയെ വാങ്ങാൻ തീരുമാനിച്ചത്. വീഡിയോയിൽ നൽകിയിരുന്ന ഫോൺ നമ്പരിൽ രാജസ്ഥാനിലെ കിഷൻ ഭയ്യാ ഡയറി ഫാമിലേക്ക് വിളിച്ച് സുനിൽ എരുമയെ ബുക്ക് ചെയ്തു. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലെ ശുബം എന്നയാളുമായി സംസാരിച്ചാണ് ബുക്ക് ചെയ്തത്.
ശുബവുമായി ഫോണിൽ സംസാരിച്ചപ്പോൾ മുന്തിയ ഇനം എരുമയാണ് തന്റെ ഫാമിലുള്ളതെന്നും ദിവസവും 18 ലിറ്റർ പാൽ വരെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് എരുമയുടെ ഒരു വീഡിയോ അയച്ച് നൽകിയ ശേഷം പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. എരുമയെ കയ്യിൽ കിട്ടിയ ശേഷം ബാക്കി പണം നൽകിയാൽ മതിയെനാണ് വ്യവസ്ഥ വച്ചത്. ഇത് പ്രകാരം ആദ്യ തുക പതിനായിരം രൂപ നൽകി. എന്നാൽ പറഞ്ഞ ദിവസം എരുമ എത്തിയില്ല. ഇതോടെ വീണ്ടും ഫാമിലേക്ക് വിളിച്ചപ്പോൾ 25,000 രൂപ കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് എന്തോ തട്ടിപ്പ് ഉണ്ടെന്ന് സംശയയം തോന്നിയത്. തുടർന്ന് സുനിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.