തൃശൂര്‍: ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് (26) ആത്മഹത്യ ചെയ്തത്. വീട് നിര്‍മാണത്തിനായി എട്ടു ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വീട് ഒഴിയണം എന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ജപ്തി നടപടി ഉടന്‍ ഉണ്ടാകുമെന്നും ബാങ്ക് അറിയിച്ചു. ഇതോടെയാണ് വിഷ്ണു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നാണ് പറയുന്നത്. 12 വര്‍ഷം മുമ്പാണ് വീട് വെക്കുന്നതിനായി ലോണ്‍ എടുത്തത്. എട്ടു ലക്ഷം രൂപ വായ്പയെടുത്തിട്ടും 8,74,000 രൂപ തിരിച്ചടച്ചതായി വിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ കോവിഡ് പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഉടന്‍ പണം അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണി മുഴക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.