പാലക്കാട്:അട്ടപ്പാടിയില്‍ യുവതിയെയും സുഹൃത്തിനേയും കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നഞ്ചന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2017 നവംബർ 27 ന് രാത്രിയിലായിരുന്നും മല്ലിയെയും സുഹൃത്ത് സുരേഷിനെയും പണി തീരാത്ത വീടിന്റെ ടെറസില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിൻ്റെ സഹായിയായിരുന്നു മല്ലി. ഇരുവർക്കുമിടയിൽ ബന്ധം ഉണ്ടെന്ന ഭർത്താവ് നഞ്ചൻ്റ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കോണ്‍ക്രീറ്റ് താങ്ങു നൽകുന്ന മുളകൊണ്ടാണ് ഇരുവരെയും തലയ്ക്ക്‌അടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം സുരേഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 26000 രൂപയുമായി നഞ്ചൻ ചായക്കടയില്‍ എത്തുകയും അവിടെ കൊടുക്കാനുള്ള പണം നൽകുകയും ചെയ്തു. രക്തം പുരണ്ട നോട്ടുകളും നഞ്ചന്റെ വസ്ത്രത്തിലെ രക്തപ്പാടുകളും കണ്ട് സംശയം തോന്നിയ കടക്കാരൻ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കസ്റ്റഡിയില്‍ എടുത്ത നഞ്ചന്റെ കുറ്റസമ്മത മൊഴിയും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കുറ്റം തെളിയിക്കാൻ സഹായമായത്.