കാസര്‍കോട്: വില്‍പന നടത്താന്‍ വീട്ടില്‍ സൂക്ഷിച്ച 40.68 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുഡ്‌ലു ശിവശക്തി നഗര്‍ സ്വദേശി കന്നിഗുഡ ഹൗസില്‍ കെ അശോക് കുമാര്‍(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്സെക്ടര്‍ കെവി മുരളിയും സംഘവുമാണ് ബുധനാഴ്ച വൈകീട്ട് മദ്യശേഖരം കണ്ടെത്തിയത്. ഡ്രൈ ഡേ, അവധി ദിനങ്ങളില്‍ വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണിതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ എ സാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെആര്‍ പ്രജിത്ത്, വി മഞ്ചുനാഥന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ് മോള്‍ ജോണ്‍ എക്‌സൈസ്, ഡ്രൈവര്‍ ക്രിസ്റ്റീന്‍ എന്നിവരാണ് റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നത്.