നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ആൾക്ക് ഒടുവിൽ പണം നൽകാൻ തയ്യാറായി കരുവന്നൂർ ബാങ്ക്; 28 ലക്ഷം നൽകിയത് കുത്തിയിരിപ്പ് സമരത്തിനൊടുവിൽ

തൃശ്ശൂർ:ദയാവധത്തിനായി അപേക്ഷ നല്‍കിയ മാപ്രാണം സ്വദേശി ജോഷിക്ക് കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തുകയിലെ 28 ലക്ഷം രൂപ കൈമാറി.ചൊവ്വാഴ്ച വൈകീട്ട് നാലര മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് 28 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. ജോഷിക്കും കുടുംബാംഗങ്ങള്‍ക്കുമായി 90 ലക്ഷത്തോളം രൂപയാണ് കരുവന്നൂരില്‍ നിക്ഷേപമുള്ളത്.
തുക തിരിച്ചുനല്‍കുമെന്ന് സ്വകാര്യ ചാനല്‍ പരിപാടിയില്‍ മന്ത്രി പറഞ്ഞത് പ്രകാരം ചൊവ്വാഴ്ച വൈകീട്ട് 4.45നാണ് ജോഷി ബാങ്കിലെത്തിയത്. എന്നാല്‍, ഇതേകുറിച്ച്‌ അറിവൊന്നുമില്ലെന്നാണ് ബാങ്ക് ജീവനക്കാർ അറിയിച്ചു. നിക്ഷേപ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടേ പോകുന്നുള്ളൂവെന്ന് പറഞ്ഞ് ജോഷി ബാങ്കില്‍ തുടർന്നതോടെ ജീവനക്കാർക്ക് ഓഫിസ് അടക്കാനാകാത്ത അവസ്ഥയായി. ഇതോടെ ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.ആർ. രാകേഷിനെ വിളിച്ചുവരുത്തി. ചർച്ചയില്‍ ജോഷിയുടെ പേരിലെ നിക്ഷേപതുക തിരികെ നല്‍കാൻ ധാരണയായി.

എന്നാല്‍, തന്റെ പേരിലുള്ള തുക നല്‍കുന്നതിന് പുറമെ കുടുംബാംഗങ്ങളുടെ പേരിലുള്ളത് മൂന്നു മാസത്തിനകം നല്‍കാമെന്ന് എഴുതി നല്‍കണമെന്നും ജോഷി ആവശ്യപ്പെട്ടു.  പിന്നീട് ഇരിങ്ങാലക്കുട പൊലീസിന്റെയും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രശേഖരന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചർച്ചയില്‍ ജോഷിയുടെ നിക്ഷേപ തുകയുടെ പലിശ സഹിതം 28 ലക്ഷം രൂപയുടെ ചെക്ക് നല്‍കാമെന്നും കുടുംബാംഗങ്ങളുടെ തുക എന്ന് നല്‍കാമെന്ന് ബുധനാഴ്ച ചർച്ച നടത്തി അറിയിക്കാമെന്നുമുള്ള ധാരണയില്‍ എത്തി.

ഇതനുസരിച്ച്‌ രാത്രി 9 മണിയോടെ ജോഷിക്ക് ചെക്ക് കൈമാറി. നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കും സർക്കാറിനും ആഴ്ചകള്‍ക്കു മുമ്പ് ജോഷി നിവേദനം നല്‍കിയിരുന്നു. തലയില്‍ ട്യൂമർ ബാധിച്ച്‌ 20ഓളം ഓപറേഷനുകള്‍ നടത്തിയ വ്യക്തിയാണ് ജോഷി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page