തമിഴ്നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച കാരണത്തിന് സഹോദരിയെയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ സഹോദരന്‍ ഒളിവില്‍പോയി. മധരുയിലാണ് ദുരഭിമാനക്കൊല നടന്നത്. മഹാലക്ഷ്മി, സതീഷ് കുമാര്‍ എന്നിവരെയാണു പ്രവീണ്‍ (20) എന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കുകയുംചെയ്തു. പിന്നാലെ സഹോദരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ഇതുകണ്ട മറ്റൊരു സ്ത്രീയുടെ കയ്യും ഇയാള്‍ വെട്ടി.
അന്യജാതിയില്‍പെട്ട സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മില്‍ വളരെ കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം മഹാലക്ഷ്മി മറ്റൊരു വിവാഹത്തിന് സമ്മതം നല്‍കേണ്ടി വന്നിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ച് ഒരാഴ്ചയ്ക്കു ശേഷം തിരിച്ച് പെണ്‍കുട്ടി വീട്ടില്‍ വന്നു. പിന്നീട് സതീഷ് കുമാറുമായി വീണ്ടും അടുപ്പത്തിലാവുകയും ചെയ്തു. ഇതറിഞ്ഞ സഹോദരന്‍ ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.