തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രധാനപ്രതി കാസർകോട് സദേശി ജെയ്‌സൺ മുകളേൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സ്‌റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്‌റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സൺ. സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതിയാണ് ജെയ്‌സൺ മുകുളേൽ എന്ന് പൊലീസ് പറഞ്ഞു.
ജെയ്സണിന്റെ സാഹായിയായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ആപ്പ് നിർമ്മിച്ചവരിൽ ഒരാളാണ് അരവിന്ദ്. ആപ്പ് നിർമാണത്തിലെ മറ്റൊരു പ്രധാന കണ്ണിയാണ് രാകേഷേന്നും പൊലീസ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടിയാണ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയതെന്നും സി ആർ കാർഡ് ആപ്പ് നിർമ്മിക്കാനാൻ നിർദ്ദേശം നൽകിയതെന്നും ജയ്‌സൺ നേരത്തെ മൊഴി നൽകിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും ജയ്‌സൺ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ചില്ലെന്നാണ് ജെയ്‌സണിന്റെ മൊഴി.