’10 വർഷത്തെ അടുപ്പം, പ്രണയം, ഒടുക്കം സംശയം’, ടെക്കിയായ കാമുകിയെ ഓയോ റൂമിൽ വെച്ച് വെടിവെച്ച് കൊന്നു

മുംബൈ: പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയായ യുവതിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ഋഷഭ് നിഗം ഉത്ത‌ർപ്രദേശ് ലഖ്നൗ സ്വദേശി വന്ദന ദ്വിവേദിയെ കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്നാണെന്ന് പൊലീസ്. കുറച്ച് നാളുകളായി വന്ദന തന്നെ അവഗണിക്കുകയാണെന്ന് ഋഷഭ് പരാതിപ്പെട്ടിരുന്നും. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി പൂനെ പിംപ്രി ചിഞ്ച്‌വാദ് ഹിഞ്ജേവാടി ഏരിയയിലെ ഓയോ ഹോട്ടലിലാണ് സംഭവം. രണ്ട് വർഷമായി രാജീവ് ഗാന്ധി ടെക്നോ പാർക്കിലെ പൂനെ ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വന്ദന. കഴിഞ്ഞ പത്തു വര്‍ഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂനെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാന്‍ പൂനെയില്‍ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതല്‍ ഇരുവരും സംഭവം നടന്ന ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിന് സംശയങ്ങള്‍ തോന്നിയതിനാല്‍ കൊല്ലണമെന്ന ഉദേശത്തോടെയാണ് പ്രതി പൂനെയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വന്ദന തന്നെ അവ​ഗണിക്കുനെന്ന പേരിൽ രൂക്ഷമായ തർക്കങ്ങൾ ഉണ്ടാവുകയായിരുന്നു. തർക്കത്തിനൊടുവിൽ പ്രകോപിതനായ ‌ഋഷഭ് കയ്യിൽ കരുതിയ തോക്ക് വെച്ച് വന്ദനയുടെ നെഞ്ചിലേക്കും തലയിലേക്കും വെടിയുതിർത്തു. ഹോട്ടലിന്റെ പ്രദേശത്ത് മറാഠാ റിസർവേഷൻ സംബന്ധിച്ച തീരുമാനത്തെത്തുടർന്നുള്ള ആഘോഷങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുകയും ആളുകൾ പടക്കം പൊട്ടിക്കുകയും ചെയ്തതിനാൽ റൂമിൽ നിന്നുള്ള വെടിയുതിർത്ത ശബ്ദം ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെയാണ് കൊലപാതക വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം രാത്രി ഏറെ വൈകി മുറിയിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നകബന്ദിയിൽ നിന്നും മും​ബെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. വന്ദനയും ഋഷഭും തമ്മിൽ 2014 മുതൽ പരസ്‌പരം അറിയാവുന്നവരാണെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും പൂനെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ബാപ്പു ബംഗാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page