പത്തനംതിട്ടയിൽ ഗാനമേള സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. പച്ചക്കറി ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത്, വാനിൽ ഉണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി റോഡിൽ പുന്നലത്ത് പടിക്ക് സമീപത്ത് ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തിൽ ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരിക്കേറ്റു.
കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിൻ്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നിട്ടുണ്ട്. കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാഹനം. സീതത്തോട് നടന്ന പരിപാടിക്ക് ശേഷം മടങ്ങിപ്പോകുകയായിരുന്നു ഗാനമേള സംഘം. എന്നാണ് വിവരം. പരിക്കേറ്റ സുർജിത്തിനെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.