മഞ്ചേരി: വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 88 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും .മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്.രശ്മിയാണ് ശിക്ഷ വിധിച്ചത് . 2010ല്‍ അതിജീവിത ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്ബന്‍സേഷന്‍ ഫണ്ടില്‍നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.മലപ്പുറം വനിത പൊലീസ് സ്റ്റേഷന്‍ എസ്.ഐ ടി.എം. സജിനി രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ റസിയ ബംഗാളത്ത് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പിതാവായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ളതിനാല്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 15 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ.എസ്.ഐ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു.