എത്തിയത് ട്രെയിനിന് കല്ലെറിഞ്ഞത് അന്വേഷിക്കാന്‍; കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനെത്തിയ ആളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് റെയില്‍വെ പൊലീസ്

കാസര്‍കോട്: എത്തിയത് ട്രെയിനിന് കല്ലെറിഞ്ഞവരെക്കുറിച്ച് അന്വേഷിക്കാന്‍. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യചെയ്യാനെത്തിയ ആളെ രക്ഷിച്ച് കാസര്‍കോട് റെയില്‍വേ പൊലീസ്. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് സൗത്തില്‍ അന്ത്യോദയ എക്‌സപ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു കാസര്‍കോട് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ റജികുമാറും എ.എസ്‌ഐ എം.വി പ്രകാശനും. അപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ഒരാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ പൊലീസെത്തി അയാളെ പിന്തിരിപ്പിച്ച് ട്രാക്കില്‍ നിന്ന് താഴെയിറക്കി കാര്യമന്വേഷിച്ചു. കാര്യം പറയുന്നതിന് മുമ്പേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നുപോയി. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസെത്തിയതോടെ യാതൊരു ഗതിയുമില്ലാതെ ആത്മഹത്യചെയ്യാനെത്തിയതായിരുന്നു കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശിയായ 64 കാരന്‍. കൂടാതെ ജാമ്യം നിന്നവരും തലേദിവസം വീട്ടിലെത്തി തുക അരലക്ഷം അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നായിരുന്നു അവസാന തിയ്യതി. ഓട്ടോഡ്രൈവറായ തനിക്ക് പെട്ടെന്ന് ഇത്രയും തുക അടക്കാനാവില്ലെന്നും മറ്റൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. തങ്ങളെത്താന്‍ രണ്ടുമിനുട്ട് വൈകിയിരുന്നെങ്കില്‍ ഇദ്ദേഹം ട്രെയിന്‍ തട്ടി മരിച്ചേനെയെന്ന് എസ്‌ഐ റജിന്‍കുമാര്‍ കാരവല്‍ ഡെയിലിയോട് പറഞ്ഞു. ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ആളെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിച്ച് ജനമൈത്രി പൊലീസിന് കൈമാറി. ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്. അടിയന്തരമായ ഇടപെടലിലൂടെ ഗൃഹനാഥനെ സമാധാനിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ റജികുമാറും എ.എസ്‌ഐ എം.വി പ്രകാശനും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page