വേദന കുറഞ്ഞ മരണം ഇതാണ്; നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക; എന്താണ് നൈട്രജന്‍ ഹൈപ്പോക്‌സിയ?

നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് വ്യാഴാഴ്ച രാത്രി അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധം. മനുഷ്യര്‍ക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകള്‍ നടപ്പാക്കിയിരുന്നത്. 58 കാരനായ കെന്നത്ത് നൈട്രജന്‍ ഹൈപ്പോക്‌സിയ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആര്‍. ഓസ്റ്റിന്‍ ഹഫക്കര്‍ തള്ളുകയായിരുന്നു. നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്ഷ നടപ്പിലാക്കിയത്. 1988-ല്‍ വടക്കന്‍ അലബാമയില്‍ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. അലബാമയിലെ കോള്‍ബെര്‍ട്ട് കൗണ്ടിയിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 കാരിയായ യുവതി കുത്തേറ്റാണ് മരിച്ചത്. കേസില്‍ കൂട്ടുപ്രതിയുടെ വധശിക്ഷ 2010 ല്‍ നടപ്പിലാക്കിയിരുന്നു. 2022 ല്‍ വധശിക്ഷ നടപ്പിലാക്കാന്‍ വിഷം കുത്തിവച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. യുഎസില്‍ വധശിക്ഷ നടപ്പിലാക്കാന്‍ മാരകമായ കുത്തിവയ്പ്പുകള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതിനെത്തുടര്‍ന്നാണ് നൈട്രജന്‍ ഹൈപ്പോക്‌സിയ എന്ന ആശയം മുന്നോട്ട് വച്ചത്. ശരീരത്തില്‍ നിന്ന് ഓക്‌സിജന്‍ നീക്കം ചെയ്ത് നൈട്രജന്‍ വാതകം ശ്വസിച്ച് മരണത്തിലെത്തുന്ന ഒരു രീതിയാണ് നൈട്രജന്‍ ഹൈപ്പോക്‌സിയ. മൂക്കില്‍ മാസ്‌ക് സ്ഥാപിച്ച് ശ്വസിക്കുന്ന വായുവിന് പകരം ശുദ്ധമായ നൈട്രജന്‍ വാതകം നല്‍കിയാണ് വധം. നൈട്രജന്‍ ശരീരത്തില്‍ കടന്നാല്‍ ഓക്സിജന്‍ അളവ് കുറഞ്ഞ് വരികയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആള്‍ അബോധാവസ്ഥയിലേക്ക് നീങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page