അസമിലെ തീര്‍ഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. അനുമതിയില്ലെന്നും മൂന്ന് മണിക്ക് ശേഷമേ സന്ദര്‍ശനാനുമതി നല്‍കാനാകൂവെന്നും പൊലീസ് രാഹുല്‍ഗാന്ധിയോട് വ്യക്തമാക്കി. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഉള്‍പ്പടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ജനുവരി 22ന് അസമിലെ ആത്മീയ ആചാര്യന്‍ ശ്രീശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥാനം സന്ദര്‍ശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര സമിതിയോട് സന്ദര്‍ശനം സംബന്ധിച്ച് കോണ്‍ഗ്രസ് അനുമതി തേടി. എന്നാല്‍ സന്ദര്‍ശം പ്രാണപ്രതിഷ്ഠക്ക് ശേഷമേ നടത്താവു എന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിശ്വാസികളുടെ തിരക്കുണ്ടെന്നും രാഹുലിനോട് വൈകിട്ട് മൂന്ന് മണിക്ക് ദര്‍ശനം മാറ്റണമെന്നും ക്ഷേത്രസമിതി ആവശ്യപ്പെടുകയായിരുന്നു.അതേസമയം, എല്ലാവരും വിവിധ ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്നും എന്തുകൊണ്ടാണ് രാഹുലിനെ മാത്രം തടയുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ഗൗരവ് ഗോഗോയിയും സിബമോനി ബോറയും ദര്‍ശനം നടത്തി തിരിച്ചെത്തിയ ശേഷമാണ് രാഹുല്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.