കാറിലെത്തിയ സംഘം ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് അര ലക്ഷം രൂപയും രണ്ട് പവന്റെ ആഭരണവും കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗാളികളെന്ന് സംശയം

കണ്ണൂര്‍: കരിവെള്ളൂരില്‍ പട്ടാപ്പകല്‍ കാറിലെത്തിലെത്തിയ സംഘം ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് അര ലക്ഷം രൂപയും രണ്ട് പവന്റെ ആഭരണവും, പൂജാമുറിയിലെ വസ്തുക്കളും കവര്‍ന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നും ഗ്രീല്‍സ് തകര്‍ത്തുമാണ് കവര്‍ച്ച നടത്തിയത്. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന പയ്യന്നൂര്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ വി.സജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയും മുക്കാല്‍ പവന്‍ വീതമുള്ള രണ്ടുവളകളും ഒരു മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയത്. കൂടാതെ അലമാരയില്‍ സുക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സജിത്തും ഭാര്യയും മകളും വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ വീട് പൂട്ടി പോയതായിരുന്നു. പതിനൊന്നേമുക്കാലായപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സജിത്തിന്റെ അമ്മ മൂന്ന് അപരിചതരെ വീടിന് മുന്നില്‍ കണ്ടിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി മോഷണമുതലുകളുമായി വെളുത്ത കാറില്‍ കയറി മോഷ്ടാക്കള്‍ സ്ഥലം വിടുകയായിരുന്നു. തൊഴിലുറപ്പു തൊഴിലാളികളും കാറില്‍ കയറിപോവുന്ന ഇവരെ കണ്ടിരുന്നതായും വിവരമുണ്ട്. നിരീക്ഷണ കാമറയുടെ കേബിള്‍ മുറിച്ച് മാറ്റിയ നിലയിലും അലമാര തുറന്നിട്ട നിലയിലുമായിരുന്നു. മോഷ്ടാക്കള്‍ ഹിന്ദി സംസാരിച്ചവരാണെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page