തൃശൂർ: കുപ്രസിദ്ധ ക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ കോടാലി ശ്രീധരൻ തൃശൂർ കൊരട്ടിയിൽ പിടിയിലായി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തോക്ക് ചൂണ്ടിയതായും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. പാലിയേക്കര മുതൽ പിന്തുടർന്ന ശേഷമാണ് കോടാലി ശ്രീധരനെ കൊരട്ടിയിൽ വച്ച് പൊലീസ് സംഘം പിടികൂടിയത്. അക്രമാസക്തനായ ഇയാളെ കാറിൻ്റെ ഗ്ലാസ് തകർത്താണ് കീഴ്പ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ മാത്രം മുപ്പതിലധികം കേസുകളിൽ പ്രതിയായ ശ്രീധരനെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്.
കുഴൽപണ കവർച്ചാ സംഘത്തലവനായ ഇയാൾ കുഴൽപണം കടത്തുകാരുടെ പേടിസ്വപ്നമാണ്. വർഷങ്ങൾക്ക് മുൻപ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കോടാലി ശ്രീധരനെ പിടി കൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒന്നര വർഷം മുൻപ് ഇയാളെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ട് ഇയാൾ പിടിയിലായത്. നാലോളം മൊബൈൽ ഫോണുകളും തോക്കും ശ്രീധരന്‍റെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. കേരളം കൂടാതെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കർണാടക പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.