ഒടുവിൽ അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഇൻസ്റ്റഗ്രാം കുറിപ്പിൽ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ലെന്ന് നയൻതാര വ്യക്തമാക്കുന്നു. നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നയൻതാര പറഞ്ഞു.
അന്നപൂരണി സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന ഹൈന്ദവ സംഘടനകളുടെ പരാതിയിൽ സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകി.
ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഡിസംബർ 29 നാണ് ‘അന്നപൂർണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം.
അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും അവർ വ്യക്തമാക്കി.’അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ OTT-യിൽ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)