മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി; രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ ന്യായ് യാത്രക്കെതിരെ കേസ്

ദിസ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന റൂട്ടില്‍ നിന്ന് മാറി സഞ്ചരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഴിതിരിച്ചുവിട്ടതോടെ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പൊലീസിനു നേരെയും അക്രമം നടന്നു. പ്രദേശത്ത് കലാപസമാനമായ സാഹചര്യമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പൊലീസിനെ മര്‍ദിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പൊലീസ് ആരോപിക്കുന്നു.
വ്യാഴാഴ്ച അസമിലെ ജോര്‍ഹട്ട് പട്ടണത്തിനുള്ളില്‍ കടന്നപ്പോഴാണ് റൂട്ട് മാറ്റിയത്. ഇതുകാരണം റോഡില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ആളുകള്‍ ബാരിക്കേട് തകര്‍ക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുന്നതിന് സംഘാടകര്‍ പ്രോല്‍സാഹനം നല്‍കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തില്‍ പ്രവേശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭീഷണിപ്പെടുത്തിയിരുന്നു. അസമിലെ 17 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയായി. 833 കിലോമീറ്റര്‍ ജോഡോ ന്യായ് യാത്ര സഞ്ചരിച്ചുകഴിഞ്ഞു.
അതേ സമയം, ജനുവരി 25 വരെയാണ് അസമിലെ യാത്രയുടെ പര്യടനം. 17 ജില്ലകളിലായി 833 കിലോമീറ്ററാണ് ന്യായ് യാത്ര അസമില്‍ സഞ്ചരിക്കേണ്ടത്. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ജനുവരി 14 ന് മണിപ്പൂരില്‍ നിന്നുമാണ് ആരംഭിച്ചത്. മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page