19 കാരിയെ കൊലപ്പെടുത്തി സ്ഥലം രഹസ്യ കോഡില്‍ എഴുതിവച്ചു; ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി; പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത് ഒരുമാസത്തിന് ശേഷം

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവു കൊലപ്പെടുത്തിയ കാമുകിയുടെ മൃതദേഹം കണ്ടെടുത്തു. ഒരു മാസത്തിലധികം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്ന രഹസ്യകോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനു പിന്നാലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നവി മുംബൈയിലെ കാലംബോലി സ്വദേശികളായ വൈഷ്ണവി ബാര്‍ഭര്‍ (19), വൈഭവ് ഭുരുംഗെയ്ല്‍ (24) എന്നിവരാണ് മരിച്ചത്. വൈഷ്ണവിയുടെ മൃതദേഹം 34 ദിവസത്തെ അന്വേഷണത്തിനു ശേഷം ഖര്‍ഖര്‍ കുന്നുകളില്‍ നിന്നാണ് പൊലീസ് വീണ്ടെടുത്തത്. വൈഷ്ണവിയെ കൊലപ്പെടുത്തിയ ശേഷം വൈഭവ് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയിരുന്നു.
പെണ്‍കുട്ടിയുടെയും യുവാവിന്റെയും കുടുംബങ്ങള്‍ വ്യത്യസ്ത ജാതികളായിരുന്നു. അതിനാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായില്ലെന്ന് തോന്നിയ പെണ്‍കുട്ടി അവനുമായി ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു.
കാമുകി മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്ന് സംശയിച്ച വൈഭവ് അവളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് കോളജിലേക്കു പോയ വൈഷ്ണവിയെ കാണാതാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കാലംബൊലി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ദിവസം ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച വൈഭവിന്റെ കേസ് ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന ആത്മഹത്യാ കുറിപ്പും യുവാവിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നവി മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഡിസിപി അമിത് കാലെയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഇരുവരുടെയും കോള്‍ റെക്കോര്‍ഡുകളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, കാണാതായ ദിവസം ഇവര്‍ ഖാര്‍ഘര്‍ കുന്നിന്‍ പ്രദേശത്തേക്ക് പോയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. വനം വകുപ്പ്, അഗ്‌നിരക്ഷാസേന തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് സംയുക്തമായി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായിട്ടായിരുന്നു പരിശോധന. ഇതിലാണ് കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തിന്റെ നിറവും വാച്ചും കോളജ് തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ചാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page