ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരം ഗുജറാത്തിൽ?; 3000 ത്തോളം വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പുരാവസ്തു വകുപ്പ്; കണ്ടെടുത്തത് പ്രധാനമന്ത്രിയുടെ നാട്ടിൽ നിന്ന്

അഹമ്മദാബാദ്:ഗുജറാത്തില്‍ 3000 വര്‍ഷം മുന്‍പുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ  കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്‌നഗറിലാണ് ബി.സി 800ലേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പൂർ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറി, ഡെക്കാന്‍ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വരും ഗവേഷണത്തില്‍ പങ്കാളിയായി. 3,000 വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെ പറ്റി ഖനനത്തില്‍ നിന്നും സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.ക്വാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്‌നഗറിലെ ഖനനം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് വന്നത്. വഡ്‌നഗറില്‍ രാജ്യത്തെ ആദ്യ എക്‌സ്പീരിയന്‍ഷ്യല്‍ ഡിജിറ്റല്‍ മ്യൂസിയം നിര്‍മിക്കാനുള്ള നടപടികള്‍ നടക്കുകയാണ്.. ഇതിൻ്റെ ഭാഗമായാണ് ഖനനം. ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയം വകുപ്പാണ് പഠനത്തിന് ധനസഹായം നല്‍കുന്നത്. മാത്രമല്ല ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍പേഴ്‌സണായിരുന്ന സുധാ മൂര്‍ത്തിയും വഡ്‌നഗര്‍, സിന്ധു നദീതട നാഗരികത എന്നിവയും ഗവേഷണത്തിനായി ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖനനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമത്തില്‍ വന്നിട്ടുണ്ട്. പഴയതരം ഇഷ്ടിക കൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറുകിണര്‍ വരെ ദൃശ്യങ്ങളില്‍ കാണാം.2016 മുതല്‍ ഇവിടെ ഖനനം നടക്കുന്നുവെന്നും ഇതുവരെ ഒരു ലക്ഷത്തിലധികം അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുദ്ധമതം, ജൈനമതം, ഹിന്ദുമതം തുടങ്ങിയ വിശ്വാസികള്‍ ഇവിടെ ജീവിച്ചിരുന്നതിന്റെ തെളിവുകള്‍ വിവിധ ഘട്ടങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page