കണ്ണൂര്‍: തലശേരി നഗരത്തിലെ തിരുവാങ്ങാട് പെട്രോള്‍ പമ്പിന്റെ സമീപം ഡോക്ടര്‍ ബ്രിട്ടോ ജസ്റ്റിന്‍ എന്നയാളുടെ മൊബൈല്‍ ഫോണും പണവും കളവ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ഫൗസിയ മന്‍സിലില്‍ എ കെ നസീറിനെയാണ് (28) തലശ്ശേരി ടൗണ്‍ പൊലീസ് ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ജനുവരി 14 ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയ ഡോക്ടറോട് കഞ്ചാവുണ്ടോയെന്ന് ചോദിച്ച പ്രതികള്‍ ഭീഷണിപ്പെടുത്തി കീശയിലുണ്ടായിരുന്ന പേഴ്‌സും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടംഗ സംഘത്തിനെതിരെ തലശ്ശേരി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തലശേരി ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ എം.പി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ നസീറിനെ മുഴപ്പിലങ്ങാട് വെച്ച് അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
